Monday, 2 April 2012

2050 - കേരളത്തില്‍ ജോലി കിട്ടിയ അറബി, ബാപക്കെഴുതുന്ന കത്ത് !!!



2050 - കേരളത്തില്‍ ജോലി കിട്ടിയ അറബി, ബാപക്കെഴുതുന്ന കത്ത് !!!

അസ്സലാമു അലൈകും,
കൈഫ്‌ ഹാലക് യാ അബ്വീ, കോപ്പ്‌ അറബിയൊക്കെ മറന്നു ബാപ്പാ. ബാപ്പ വീട്ടിലെ മലയാളി ഹൌസ് മെയിഡായി വന്ന എന്റെ ഉമ്മാനെ കെട്ടിയത്‌ കൊണ്ട് ഇപ്പോള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്ന്‍ കരുതുന്നു. ഇവിടെ കൊച്ചിയിലെ ഒരു സ്വകാര്യ എണ്ണ ഖനന കമ്പനിയില്‍ തന്നെയാണ് പണി. പണി ഭയങ്കര ബുദ്ധിമുട്ടൊക്കെത്തന്നെയാണ് ബാപ്പാ. അവിടന്ന് പഠിച്ച് വന്ന“ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” കോര്‍സിന്റെ സര്‍ട്ടിഫിക്കേറ്റ് ഇവിടത്തെ പഞ്ചായത്ത് അപ്പീസര്‍ പോലും അറ്റസ്റ്റ് ചെയ്തു തരുന്നില്ല. അത് അംഗീകാരം ഇല്ലാത്ത കോര്‍സാണത്രെ. അവര്‍ ബാപ്പാനെയും എന്നേയും അഡ്മിഷന് കോഴ വാങ്ങി പറ്റിച്ചതാ ബാപ്പാ. അവരുടെ “പൈലിങ് & സേഫ്റ്റി എഞ്ചിനീറിങ്” കോര്‍സും തട്ടിപ്പാണ് എന്ന കാര്യം മൂത്താപ്പാന്റെ മോനോട് പറയണം.

റൂമില്‍ ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ തുടങ്ങീ ദരിദ്ര രാജ്യത്ത് നിന്നുമുള്ള കുറച്ച് പേരും ഈ കമ്പനിയില്‍ ജോലി നോക്കുന്നു. കൂടാതെ ഒരു തമിഴ് നാട്ടു കാരനും റൂമില്‍ ഉണ്ട്. ഞങ്ങള്‍ പണിയെടുത്ത് പണിയെടുത്ത് വെയിലു കൊണ്ട് ആകെ കറുത്ത് കരുവാളിച്ച് കൂടെയുള്ള തമിഴന്റെ ചേലുക്കായി ബാപ്പാ. ഞങ്ങളുടെ സൂപ്പര്‍വൈസര്‍ ഒരു കരിവീട്ടി വീരാനിക്കാടെ മകന്‍ അയ്മൂട്ടിയാണ്. അവന്റെ ബാപ്പ പണ്ടെങ്ങാന്‍ ഗള്‍ഫില്‍ ഒരു അറബി വീട്ടില്‍ പണിക്കു നിന്നിരുന്നത്രേ. അന്നു നമ്മള്‍ അവരെ പീഡിപ്പിച്ച് പണിയെടുപ്പിച്ചതിന്റെ ദേഷ്യം ഇപ്പോള്‍ ഞങ്ങളോടാണ് തീര്‍ക്കുന്നത്.

പിന്നെ ദുബായിയിലെ പുറമ്പോക്കില്‍ താമസിക്കുന്ന നമ്മുടെ അമ്മായിയുടെ മകന്‍ ഇവിടെ അടുത്തുള്ള ഒരു വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഇവിടെ ഞായറാഴ്ചയും ഓവര്‍ടൈം പണി ഉള്ളത് കൊണ്ട് അവനെ കാണാന്‍ പോകാന്‍ കഴിയാറില്ല.“അല്‍ മാജിദ് സുല്‍താനി അല്‍ ഗല്‍താനി” എന്ന അവന്റെ പേര് അവര്‍ “കോരന്‍” എന്നാണ് വിളിക്കുന്നത്. പണ്ട് ഗള്‍ഫില്‍ ഗ്രോസറി നടത്തി പണക്കാരായ ഒരു കുടുംബമാണ് അത്. പണ്ട് അവരുടെ ഗ്രോസറിയില്‍ കയറി അറബി പിള്ളേര്‍ വഴക്കുണ്ടാക്കാറുള്ളതിന്റെ ദേഷ്യമാണ് അവര്‍ക്ക്. അവന് ഭക്ഷണത്തിന്റെ കാര്യത്തില്‍ വലിയ കുഴപ്പമില്ല. ആ വീട്ടുകാരുടെ മുന്‍ തലമുറക്കാര്‍ കഴിക്കാറുണ്ടായിരുന്ന “കഞ്ഞി” അതിന്റെ സൈഡ് ഡിഷായ “ചമ്മന്തി”പിന്നെ വിശേഷ ദിവസങ്ങളില്‍ “ചുട്ട പപ്പടം” എന്ന ഒരു സാധനവും കിട്ടുമത്രെ.ആ വീട്ടില്‍ തന്നെ ഹൌസ് മെയിഡായി നില്‍ക്കുന്ന ഒരു കുവൈത്തി പെണ്ണുമായി അവന്‍ അടുപ്പത്തിലാണെന്നും അറിയാന്‍ കഴിഞ്ഞു.

ബാപ്പാട് എനിക്ക് പറയാനുള്ളത് ചിലവുകളൊക്കെ കുറയ്ക്കുക. ഇപ്പോള്‍ ഒരു ഇന്ത്യന്‍ രൂപയ്ക്കു ഇരുപത് ദിര്‍ഹമാണ് എക്സ്ചേഞ്ച് റേറ്റ്. നമ്മുടെ എണ്ണപ്പാടങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ ബാരലിന് 50 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡിന് ഇന്നു പത്തിരട്ടിയാണ് വില. തല്‍ക്കാലം ഉള്ളാ ചെറിയ കാറ് വിറ്റ് കറവുള്ള ഒരു ഒട്ടകത്തിനെ വാങ്ങുക. അമ്മായിയെ കാണാനൊക്കെ അതിന്റെ പുറത്ത് പോയാല്‍ മതി.പിന്നെ ആവശ്യത്തിന് പാലും കറന്ന് വില്‍ക്കാം.

ഈയിടെ അവിടെ എല്ലാ സാധനങ്ങള്‍ക്കും വില കൂടി എന്ന് അറിയാന്‍ കഴിഞ്ഞു. കറന്റ് ബില്ല് കെട്ടാതെ ഫീസ് ഊരി കൊണ്ട് പോകാതെ നോക്കണം. വിസയ്ക്ക് ചിലവാക്കിയ പണം അടുത്ത മാസത്തോട് കൂടി കൊടുത്ത് തീരുമല്ലൊ. കഴിഞ്ഞ ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉദ്യോഗാര്‍ത്ഥികളെ കള്ളവിസയിലാണ് വന്നിരിക്കുന്നതെന്നും പറഞ്ഞ് തിരിച്ചയച്ചു. ഏതോ ഏജന്‍സി ചതിച്ചതാവും.

കൂടുതല്‍ ഒന്നും എഴുതുന്നില്ല. ക്രൂഡിന്റെ ബാരല്‍ ലിഫ്റ്റ് ചെയ്ത് ലിഫ്റ്റ് ചെയ്ത് ഒരു പരുവത്തിലായി. ഇവിടെയുള്ള മെസ്സില്‍ നിന്നുമാണ് ഭക്ഷണം. മൂന്ന് നേരത്തിനും കൂടി നല്ലൊരു സംഖ്യ വരും. പിന്നെ ഓവര്‍ ടൈം ഇല്ലാത്ത ദിവസങ്ങളില്‍ റോഡ് സിഗ്നലില്‍ പേപ്പര്‍ വില്‍ക്കാനും, പാര്‍ക്കുകളില്‍ ഐസ് ക്രീം വില്‍ക്കാനും പോകാറുണ്ട്. മുന്‍സിപ്പാലിറ്റിയിലെ സി ഐ ഡികള്‍ കണ്ടാല്‍ അവര്‍ പിടിച്ച്കൊണ്ട് പോയി വിസ ക്യാന്‍സല്‍ ചെയ്ത് കയ്യോടെ കേറ്റി വിടും. അത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ഈ പണികളൊക്കെ ചെയ്യുന്നത്. കഴിഞ്ഞ ദിവസം “ലേബര്‍ കാര്‍ഡ്” (പത്താക്ക) കളഞ്ഞ് പോയിരുന്നു. ഭാഗ്യത്തിന് ഒരു കൂട്ടുകാരന് കിട്ടി. ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വന്നേനെ.

നാട്ടിലേക് കു എന്നു വരാന്‍ പറ്റുമെന്ന് അറിയില്ല.ലീവിന് കൊടുത്തിട്ടുണ്ട്. മിക്കവാറും അടുത്ത വര്‍ഷത്തെ പെരുന്നാളിന് എത്താന്‍ നോക്കാം.ഉമ്മുല്‍ ഖൊയിന്‍ എയര്‍പോര്‍ട്ടിലേക്കാവും മിക്കവാറും ടിക്കറ്റ് കമ്പനി തരുന്നത്. പിന്നെ മനാമ സൂപ്പര്‍ മാര്‍ക്കറ്റിലെ പറ്റ് അടുത്ത മാസം തീര്‍ക്കാം എന്ന് പറയുക. നാട്ടിലേക്ക് വരുമ്പോള്‍ എന്തൊക്കെ കൊണ്ട് വരണമെന്നു അടുത്ത മെയിലില്‍ അറിയിക്കുക.പിന്നെ മേലാല്‍ ആരോടും “ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” പഠിച്ച് ഇങ്ങോട്ട് വരണ്ട എന്ന് പറയുക, കാരണം ഈ “ഓയില്‍ ലിഫ്റ്റ് ടെക്നോളജി” അല്‍പ്പം കടന്ന കയ്യാണ് ബാപ്പാ!

ഇത്രമാത്രം,ബാപ്പാടെ സ്വന്തം മകന്‍,

അല്‍ ജമാല്‍ അല്‍ സാലം അല്‍ ലേലം ഗല്‍താനി

No comments:

Post a Comment